തൃശൂർ: അക്ഷരശ്ലോകത്തിന്റെയും പദ്യപാരായണത്തിന്റെയും ഈരടികൾ മുഴങ്ങിയ കലോത്സവ വേദികളിൽ തിരുവനന്തപുരം നീഹാരം കുടുംബത്തിനിത് വിജയത്തിന്റെ പൂരക്കാലം. ഒരേ വീട്ടിലേക്ക് മൂന്നു പ്രതിഭകളാണ് എ ഗ്രേഡ് തിളക്കവുമായി മടങ്ങുന്നത്.
ഹൈസ്കൂൾ വിഭാഗം സംസ്കൃതം അക്ഷരശ്ലോകത്തിൽ കന്നിയങ്കത്തിനിറങ്ങിയ തിരുവനന്തപുരം പിരപ്പൻകോട് ജിവിഎച്ച്എസ്എസിലെ എട്ടാം ക്ലാസുകാരൻ പ്രണത് രാജീവൻ എ ഗ്രേഡ് നേടി വിജയത്തുടക്കമിട്ടു. പിന്നാലെ ചേച്ചി ഉത്തര രാജീവൻ മലയാളം അക്ഷരശ്ലോകത്തിൽ തുടർച്ചയായ മൂന്നാം വർഷവും എ ഗ്രേഡ് നിലനിർത്തി ഹാട്രിക് തിളക്കം പൂർത്തിയാക്കി.
അയിരൂപ്പാറ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ഉത്തര. മാധ്യമപ്രവർത്തകനായ രാജീവന്റെയും രേഖയുടെയും മക്കളാണ് ഇരുവരും. ഇവർക്കൊപ്പം രാജീവന്റെ സഹോദരപുത്രൻ എം. ദേവദത്തനും എ ഗ്രേഡ് നേടി.
ഇംഗ്ലീഷ് പദ്യംചൊല്ലലിലാണ് തിരുവനന്തപുരം കഴക്കൂട്ടം ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസുകാരനായ ദേവദത്തൻ മികവു തെളിയിച്ചത്. മനു–സുജിത ദമ്പതികളുടെ മകനാണ്. സാഹിത്യ അക്കാദമി സമഗ്ര അവാർഡ് ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയുടെ കുടുംബത്തിൽനിന്നുള്ളവരാണ് ഈ കൊച്ചുതാരങ്ങൾ.